(മൃഗ ലോകത്തെ വാർത്തകളിലേക്ക് ഒരു തുറിച്ചു നോട്ടം)
കൊടുംകാട് മലകൾ താഴ്‌വാരം കടൽപ്പുറം
കൊടുംകാട് മലകൾ താഴ്‌വാരം കടൽപ്പുറം
പക്ഷിമഘട്ട കുറുനരികളെ സംരക്ഷിക്കുക; എ കെ കെ
പക്ഷിമഘട്ടം: പക്ഷിമഘട്ട കുറുനരികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അഖില കാട് കുറുനരി സംഘടനയുടെ ( എ കെ കെ ) കൂവൽ സമരം. പക്ഷിമഘട്ടത്തെ കുറിച്ച് കസ്തൂരിമാൻ സമർപ്പിച്ച പഠന റിപ്പോർട്ടിന്റെ ഫലമായി പക്ഷിമഘട്ടത്തിലെ കുടിയേറ്റക്കാരായ കുറുനരികൾ ഒഴിഞ്ഞു പോകുകയോ അവരുടെ പ്രധാന ഉപജീവന മാർഗ്ഗമായ കോഴിയെ പിടിക്കൽ, മുയലിനെ ഓടിക്കൽ, കൊക്കിനെ പറ്റിക്കൽ മുതലായവ നടത്താൻ പറ്റിലെന്നു എ കെ കെ പ്രസിഡന്റു കുറുക്കച്ചൻ പി കൂവലൻ പത്രസമ്മേളനത്തിൽ പറഞ്ഞു.വിപുലമായ സമര പരിപാടികളാണ് വരും ദിവസങ്ങളിൽ പക്ഷിമഘട്ടം കാണാൻ പോകുന്നതെന്ന് കൂവൽ സമരം ഉദ്ഘാടനം ചെയ്ത് അടുത്തുള്ള കുറുക്കന്റെ ചെവിയിൽ ഉറക്കെ കൂവിക്കൊണ്ട് പക്ഷിമഘട്ട സംരക്ഷണ സമിതിപ്രസിഡണ്ട് പെരുംകൂവൻ കൂ കൂ പറഞ്ഞു. എന്നാൽ ഈ റിപ്പോർട്ട് കുഴപ്പമുള്ളതല്ലെന്നു മുഖ്യമന്ത്രി സിംഹൻചാണ്ടി വ്യക്തമാക്കി. ഇതിനിടയിൽ ചില ആടുകൾ എഴുതുന്ന ലേഖനങ്ങളാണ് ആവശ്യമില്ലാത്ത കുഴപ്പങ്ങൾ ഉണ്ടാക്കുന്നതെന്ന് ചില കാട്ടുനേതാക്കൾ അഭിപ്രായപ്പെട്ടു. ഇതിനെ കുറിച്ച് ഒന്നും പറയാനില്ലെന്ന് പുല്ലുമേയുന്നതിനിടയിൽ കസ്തൂരിമാൻ ''കോക്കാംമ്പി എക്സ്പ്രസ്സി''നോട് പറഞ്ഞു.
അഖില കാട് പട്ടി സംഘടന തങ്ങളാൽ കഴിയുന്ന വിധം കുറച്ച് സമരത്തിന് ഐകദാർഡ്യം പ്രഖ്യാപിച്ചു. എന്നാൽ പക്ഷിമഘട്ടം പക്ഷികൾക്ക് വേണ്ടിയുള്ളത് മാത്രമാണെന്നും കുറുനരികളുടെ അനാവശ്യ സമരം പൊളിക്കുമെന്നും തങ്ങൾക്കും കൂവാൻ അറിയാമെന്നും ഉറക്കെ കൂവിക്കൊണ്ട് അങ്കവാലാൻ കൊക്കരക്കോ പറഞ്ഞു. എന്താണ് യഥാർത്ഥ സംഭവം എന്നറിയില്ലെങ്കിലും തൊണ്ടപ്പൊട്ടും വരെ കൂവുമെന്നു കുറുനരികൾ പറഞ്ഞു.
പക്ഷിമഘട്ടം കണ്ടറിയാം..................
മറുപടിഇല്ലാതാക്കൂകൊള്ളാം നന്നായിട്ടുണ്ട്...
മറുപടിഇല്ലാതാക്കൂ