(കോക്കാംബിക്ക് നിങ്ങൾ മുതിർന്നവരോട് പറയാനുള്ളത്)
രാജുവും രാധയും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്യപ്പെടുമ്പോൾ
പൂച്ചക്ക് പണ്ടൊക്കെ കുളംമ്പുണ്ടായിരുന്നു. അവൻ തൻറെ കുളമ്പുപയോഗിച്ച് കാട്ടിലെ എല്ലാ മൃഗങ്ങളേയും ചവിട്ടുമായിരുന്നു. സഹിക്കെട്ട് കാട്ടുമൃഗങ്ങൾ വനദേവതയോട് പ്രാർത്ഥിച്ചു. വനദേവത പ്രത്യക്ഷപ്പെട്ട് പൂച്ചയെ ശപിച്ചു അവനു കുളമ്പും കാടും നഷ്ടപ്പെട്ടു. ഇതു പഴയ കഥ. കുളമ്പു മുളച്ച പൂച്ചയുടെ ഉപദ്രവം സഹിക്കവയ്യാതെ മൃഗങ്ങളെല്ലാം ചേർന്ന് കാട്ടിലെ ഗുണ്ടയായ ആനയെ സമീപിച്ചു പറഞ്ഞു അവനെ എത്ര പണം വേണമെങ്കിലും തരാം തട്ടണം ഇതു പുതിയ കഥ.
മാറുന്ന ലോകത്തിനനുസരിച്ചു ബാല്യവും ബാലമനസുകളും മാറിയിരിക്കുന്നു ഒപ്പം കുട്ടികൾക്കു വേണ്ടിയുള്ള എഴുത്തും. പഴയ കുട്ടികളെ രസിപ്പിക്കാൻ ഒരു വനദേവതക്കോ മരം വെട്ടുകാരന്റെ സത്യസന്ധതക്ക് ലഭിക്കുന്ന സ്വർണ്ണ കോടലിക്കോ കഴിയുമായിരുന്നു.
സത്യസന്ധത, സ്നേഹം, ദയ തുടങ്ങിയ മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം നൽകി ഗുണപാഠ കഥകൾ പണ്ടു പറഞ്ഞിരുന്നെങ്കിൽ ഇന്ന് കഥകളിലെ കഥാപാത്രങ്ങൾക്ക് വസ്ത്രം നൽകുകയാണ് സദാചാര ലോകം. കുന്തത്തിൽ പറന്നു നടക്കുന്ന കുസൃതിക്കാരനായ കുട്ടിച്ചത്താൻ വരെ വസ്ത്രം ധരിച്ചിരിക്കുന്നു. കുസൃതി കാണിക്കുന്ന കുട്ടിച്ചാത്തന്റെ കുറുംമ്പുകൾക്ക് തക്ക ശിക്ഷ നൽകി അതിലുടെ കുട്ടികൾക്ക് ഉപദേശം നൽകുന്നതിലല്ല കുട്ടിച്ചാത്തന്റെ വസ്ത്രത്തിലാണല്ലോ സദാചാരം ഇരിക്കുന്നത്. മുൻപ് ആപത്തു വരുമ്പോൾ മായാവിയെ വിളിക്കുന്ന രാജുവിനെയും രാധയേയും കുട്ടികൾ സ്നേഹിച്ചിരുന്നു അന്നൊക്കെ അവർ സഹോദരങ്ങളാണോ സുഹൃത്തുക്കലാണോ എന്നൊന്നും ചിന്തിച്ചിരുന്നില്ല. എന്നാൽ ഇന്നിന്റെ കുട്ടികൾക്ക് രാജുവും രാധയും തമ്മിലുള്ള ബന്ധം അന്വേഷിചീട്ടെ കഥകൾ ആസ്വദിക്കാനാകൂ.
ബാലമാസികകളിലെ ചിത്രങ്ങൾ വരെ മാറിയിരിക്കുന്നു നീണ്ട മിഴികളും ഓമനത്തം തുളുമ്പുന്ന മുഖങ്ങളോടും കൂടിയ കഥാപാത്രങ്ങൾക്ക് പകരം വരകൾക്കു മുകളിൽ വരകൾ വരച്ച് പേടിപ്പെടുത്തുന്ന കാർട്ടൂണ്‍ കഥാപാത്രങ്ങളെ തിക്കിനിറച്ച ചിത്രകഥകൾക്ക് ഇന്നിന്റെ കുട്ടികളെ ആസ്വദിപ്പിക്കാൻ കഴിയുന്നതിൽ അതിശയിക്കേണ്ടതില്ല, കാർട്ടൂണ്‍ കണ്ടാണല്ലോ അവർ വളരുന്നത്......

അബദ്ധത്തിൽ ധീരനായി മാറുന്ന ശിക്കാരി ശംഭു അപ്രത്യക്ഷനായി ഇപ്പോൾ ശിക്കാരി ശങ്കു എത്തിയിരിക്കുന്നു തള്ളെ കൊള്ളം ഞാ വല്യ സംഫവട്ട എന്നൊക്കെ പറയുന്ന ഈ കഥാപാത്രം മലയാള സിനിമയിൽ ആവശ്യത്തിനും അനാവശ്യത്തിനും എത്തി സ്ഥാനത്തും അസ്ഥാനത്തും അനാവശ്യ കോമഡികൾ പറയുന്ന ഒരു കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്നു. അബദ്ധത്തിൽ ധീരനകുന്ന ശിക്കാരി ശംഭുവിൻറെ നിഷ്കളങ്കത ഈ കഥാപാത്രത്തിൽ കാണുവാൻ കഴിയുമോ എന്നും എല്ലാത്തരം കുട്ടികളെയും ഒരുപോലെ രസിപ്പിക്കുന്നുണ്ടോ എന്നും സംശയിക്കണം.
ബണ്ടി ചോർ കൊള്ളിച്ച ആവേശത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു മങ്കി ചോറും മണ്ടു ചോറും കേരളത്തിൽ ജനിച്ചതും കൊള്ളാം. എന്നാൽ പണ്ട് നന്മയുടെ പ്രതീകമായിരുന്ന, അനീതിക്കെതിരെ പോരാടിയിരുന്ന കായംകുളം കൊച്ചുണ്ണി എന്ന കള്ളൻറെ കഥകൾ വായിച്ചു ആവേശം കൊണ്ടിരുന്ന പഴയ തലമുറയ്ക്ക് ഈ മങ്കി ചോറിനെ അത്രയങ്ങ് രസിക്കില്ല.സമകാലിക വിഷയങ്ങളിലൂടെ കഥപറയുന്ന ജമ്പനും തുമ്പനും മൃഗതിപത്യം വന്നാൽ തുടങ്ങിയവ ചുറ്റും നടക്കുന്ന വിഷയങ്ങൾ എന്താണെന്നു ചിന്തിക്കാൻ കുട്ടികളെ ഒരു പരിധിവരെ സഹായിക്കുന്നുണ്ട്. നിശബ്ദനായിരുന്നു കുട്ടികളെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന സൈലന്റ് വാലനും പ്രശംസയർഹിക്കുന്നു. ഒരു വർത്തമാന പത്രത്തിൻറെ എല്ലാ സവിശേഷതകളും ഉള്ള കാട്ടിലെ പത്രങ്ങളായ ജംഗിൾ ടൈംസും വാരിക്കുഴിയും നർമത്തിലൂടെ വാർത്തകൾ പറഞ്ഞു കുഞ്ഞു ജെർണലിസ്റ്റുകളെ ജനിപ്പിക്കാൻ ഉതകുന്നതും പത്രവായനയോടു ആഭിമുഖ്യം ജനിപ്പിക്കുന്നതാണ്. മാറുന്ന ലോകത്തിനൊപ്പം സഞ്ചരിക്കുകയാണ് നമ്മുടെ കുഞ്ഞുങ്ങളും.........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ